ന്യൂഡൽഹി : പ്രമുഖ വ്യവസായിയും മുൻ കോൺഗ്രസ് എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ ശതകോടീശ്വര വ്യവസായികളിൽ ഒരാളായ അന്തരിച്ച ഒ പി ജിൻഡാലിന്റെ മകനാണ് നവീൻ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ നിന്നും നവീൻ ജിൻഡാൽ ബിജെപി ടിക്കറ്റിൽ മത്സരിക്കും.
ഞായറാഴ്ച ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് നവീൻ ജിൻഡാൽ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സമൃദ്ധിയും ഉയർത്തുന്നതിന് നവീൻ ജിൻഡാലിന്റെ സാന്നിധ്യം സർക്കാരിനെ സഹായിക്കുമെന്ന് വിനോദ് താവ്ഡെ വ്യക്തമാക്കി. പാർട്ടി അംഗത്വം സ്വീകരിച്ച് അധികം വൈകാതെ തന്നെ ബിജെപി പുറത്തിറക്കിയ പുതിയ സ്ഥാനാർത്ഥി പട്ടികയിൽ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നും നവീൻ ജിൻഡാൽ മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
നേരത്തെ 2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ രണ്ടുതവണ ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിട്ടുള്ള വ്യക്തിയാണ് നവീൻ ജിൻഡാൽ. നിലവിൽ ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ ചെയർമാനും ഒ പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറും ആണ് നവീൻ ജിൻഡാൽ. മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനോട് താൻ നന്ദിയുള്ളവൻ ആണെന്നും എന്നാൽ ഇനി കോൺഗ്രസിൽ തുടരാൻ ആവില്ലെന്നും രാജിവെക്കുകയാണെന്നും നവീൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.
Discussion about this post