വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു. പുതിയ വൈസ് ചാൻസലറായി നിയമിതനായിരുന്ന ഡോ. പി സി ശശീന്ദ്രൻ ആണ് രാജിവെച്ചത്. ചാൻസലറായ ഗവർണർക്ക് ഇദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നുള്ള വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി ഗവർണർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈസ് ചാൻസലറുടെ രാജി.
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്നാണ് മുൻ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിനെ മാറ്റി ഡോ. പിസി ശശീന്ദ്രന് ചുമതല നൽകിയിരുന്നത്. സസ്പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുന്നതിനായി വലിയ രാഷ്ട്രീയസമ്മർദ്ദം ഇദ്ദേഹം നേരിട്ടിരുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ സസ്പെൻഷൻ പിൻവലിച്ചതോടെ ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഭാഗത്ത് നിന്നും വലിയ വിമർശനമായിരുന്നു വൈസ് ചാൻസലർക്കെതിരെ ഉയർന്നിരുന്നത്.
വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നത് എന്നാണ് ഡോ. പി സി ശശീന്ദ്രൻ ഗവർണർക്ക് നൽകിയ രാജിക്കത്തിൽ വ്യക്തമാക്കുന്നത്.
Discussion about this post