കൊൽക്കത്ത: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻ്റെ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ മത്സരിക്കാൻ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ രാജകുടുംബാംഗമായ അമൃത റോയിയെ രംഗത്തിറക്കി ഭാരതീയ ജനതാ പാർട്ടി (ബിജെപി) . മുഗൾ ആക്രമണത്തെ പ്രതിരോധിച്ചത് കൂടാതെ ബംഗാളിന്റെ സാംസ്‌കാരിക മേഖലയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ രാജ കൃഷ്ണ ചന്ദ്ര റോയിയുടെ കുടുംബാംഗം ആണ് രാജ മാതാ അമൃത റോയ്.
1728 മുതൽ 1782 വരെ ഭരണം നടത്തിയ രാജാ കൃഷ്ണ ചന്ദ്ര റോയിയുടെ പേരിലാണ് കൃഷ്ണ നഗർ അറിയപ്പെടുന്നത് തന്നെ എന്ന് മനസിലാക്കുമ്പോഴാണ് എത്രമാത്രം സ്വാധീനമാണ് പ്രദേശത്തിന്റെ ചരിത്രത്തിന് അദ്ദേഹത്തിന്റെ നാദിയ രാജവംശവുമായുള്ളത് എന്ന് വ്യക്തമാകുന്നത് . അദ്ദേഹത്തിൻ്റെ ഭരണകാലത്ത്, കൃഷ്ണചന്ദ്ര ഹിന്ദു മതപരമായ ആചാരങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. കൃഷ്ണചന്ദ്ര റോയിയുടെ രാജ കുടുംബാംഗം തന്നെ മത്സരിക്കുന്നതിലൂടെ വലിയ ജനാഭിലാഷം തങ്ങൾക്കനുകൂലമാകുമെന്ന് തന്നെയാണ് ബി ജെ പി കരുതുന്നത്.
“നാദിയയുടെ ചരിത്രത്തിന് കൃഷ്ണചന്ദ്ര രാജാവിൻ്റെ സംഭാവനകളെക്കുറിച്ച് എല്ലാവർക്കും അറിയാം. ഇന്ത്യയിൽ ചേരുന്നതിൽ കൃഷ്ണനഗർ രാജകുടുംബത്തിൻ്റെ പങ്ക് ഇപ്പോഴും എല്ലാവരും ഓർക്കുന്ന വസ്തുതയാണ് ,” സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അമൃത റോയ് ആനന്ദബസാർ ഓൺലൈനോട് പറഞ്ഞു.
‘ഞാൻ തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത് ഒരു രാജകീയ മരുമകളായിട്ടല്ല, സാധാരണക്കാരുടെ ശബ്ദമാകാനാണ്. ഇരുകൈകളും ഉയർത്തി ആളുകൾ എന്നെ അനുഗ്രഹിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ സാന്നിധ്യത്തിൽ മാർച്ച് 20 ന് മാത്രമാണ് അമൃത റോയ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത് . മൊയ്‌ത്രയ്‌ക്കെതിരെ മഹാരാജ കൃഷ്ണചന്ദ്രയുടെ കുടുംബത്തിലെ ഒരാളെ ബി.ജെ.പി മത്സരിപ്പിച്ചേക്കുമെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. എന്തായാലും ഇത്തവണ വിചാരിച്ചത് പോലെയല്ല മഹുവ മൊയ്ത്രയ്ക്ക് കാര്യങ്ങൾ എന്ന് പകൽ പോലെ വ്യക്തമാണ്.
Discussion about this post