ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. അഞ്ച് ചൈനീസ് പൗരന്മാരും പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ ആയിരുന്നു സംഭവം.
ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. പ്രവിശ്യയിൽ നിലവിൽ ജൈലവൈദ്യുത പദ്ധതിയ്ക്കായുള്ള അണക്കെട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ ഏർപ്പെട്ടിരിക്കുന്ന എൻജിനീയറിംഗ് സംഘത്തിന് നേരെ ആയിരുന്നു ആക്രമണം. ചാവേർ സ്‌ഫോടനമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ട പ്രദേശവാസി ഡ്രൈവറാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. 2021 ലും ഇവിടെ സമാനമായ രീതിയിൽ ഭീകരാക്രമണം നടന്നിരുന്നു. അന്ന് എൻജിനീയർമാരും തൊഴിലാളികളും സഞ്ചരിച്ച ബസിന് നേരെയായിരുന്നു ചാവേർ ആക്രമണം. സംഭവത്തിൽ ഒൻപത് ചൈനീസ് തൊഴിലാളികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു.











