ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ മുരുകന് ഇനി ശ്രീലങ്കയിലേക്ക് മടങ്ങാം. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈകമ്മീഷൻ പാസ്പോർട്ട് അനുവദിച്ചതിനാലാണ് മുരുകന് ഇന്ത്യ വിടാൻ കഴിയുന്നത്. ചെന്നൈയിലുള്ള ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈ കമ്മീഷൻആണ് മുരുകന് താൽക്കാലിക യാത്ര രേഖ അനുവദിച്ചത്.
ജയിൽ മോചിതനായി തിരുച്ചിറപ്പള്ളിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന മുരുകന് നാട്ടിലേക്ക് മടങ്ങാൻ അനുമതി ലഭിച്ച വിവരം തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ ആണ് മുരുകനെ നാടുകടത്തുന്നതിന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടതെന്നും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്.
നിലവിൽ തിരിച്ചിറപ്പള്ളിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞു വരികയാണ് മുരുകൻ. രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ മറ്റ് മൂന്നുപേരും കൂടെ മുരുകനോടൊപ്പം ഈ ക്യാമ്പിൽ കഴിയുന്നുണ്ട്. മുരുകന്റെ ഭാര്യയായ നളിനി യുകെയിലുള്ള മകൾക്ക് ഒപ്പം താമസിക്കാൻ അനുവദിക്കണമെന്ന് കാണിച്ച് നേരത്തെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. താൽക്കാലിക യാത്രാരേഖ ലഭിച്ചതിനാൽ മുരുകൻ ഉടൻതന്നെ ശ്രീലങ്കയിലേക്ക് മടങ്ങും എന്നാണ് കരുതപ്പെടുന്നത്.
Discussion about this post