തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ ആഭ്യന്തരവകുപ്പിന് തുടക്കം മുതലേ പിഴവുകൾ ഉണ്ടായതായി കണ്ടെത്തൽ. കേസിന്റെ ആദ്യ വിജ്ഞാപനം ഉൾപ്പെടെയുള്ള രേഖകൾ അയച്ചതിൽ പോലും ആഭ്യന്തരവകുപ്പിന് പിഴവ് പറ്റിയിരുന്നു. കേസ് രേഖകൾ സിബിഐക്ക് കൈമാറുന്നതിൽ വീഴ്ച വരുത്തിയതിന് ഇന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ആദ്യ വിജ്ഞാപനം ഉൾപ്പെടെയുള്ള രേഖകൾ ആളുമാറി അയച്ചതായാണ് ഇന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ആഭ്യന്തരമന്ത്രാലയത്തിന് അയക്കേണ്ട രേഖകൾ യഥാർത്ഥത്തിൽ അയച്ചിരുന്നത് കൊച്ചി സിബിഐ ഓഫീസിലേക്ക് ആയിരുന്നു. പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇന്ന് വൈകിട്ടാണ് രേഖകൾ ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു നൽകിയത്.
ആഭ്യന്തരവകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറിയായ പ്രശാന്ത, സെക്ഷൻ ഓഫീസർ ബിന്ദു, ഓഫീസ് അസിസ്റ്റന്റ് ആയ അഞ്ചു എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണം സിബിഐക്ക് കൈമാറിയതായി വിജ്ഞാപനം പുറത്തിറക്കിയിട്ടും അന്വേഷണ രേഖകൾ സിബിഐക്ക് കൈമാറിയിരുന്നില്ല. ഇക്കാര്യം ഇന്നലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പോലും ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. പിന്നീട് മുഖ്യമന്ത്രി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതിനുശേഷം ആണ് ഫയലുകൾ നേരിട്ട് നൽകാനായി ഡിവൈഎസ്പി ഡൽഹിയിലേക്ക് പോകാൻ തീരുമാനമായത്.
Discussion about this post