തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ നാരീശക്തി എന്താണെന്ന് കാണിച്ചുതരികയാണ് ബിജെപി. എൻഡിഎ സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകളാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ എൻഡിഎയോട് ബഹുദൂരം പിന്നിലാണ്.
കേരളത്തിലെ എൻഡിഎയുടെ 20 സ്ഥാനാർത്ഥികളിൽ അഞ്ചു പേരാണ് വനിതകളായി ഉള്ളത്. എൽഡിഎഫിന് രണ്ടു വനിതാ സ്ഥാനാർത്ഥികളും യുഡിഎഫിന് ഒരു വനിതാ സ്ഥാനാർത്ഥിയും മാത്രമാണുള്ളത്. ബിജെപി മുന്നോട്ടുവയ്ക്കുന്ന ‘നാരീശക്തി’ എന്ന കാഴ്ചപ്പാട് ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിലും വ്യക്തമാവുകയാണ്. കേരളത്തിൽ ആകെയുള്ള ഒൻപത് വനിതാ സ്ഥാനാർത്ഥികളിൽ അഞ്ചുപേരും ബിജെപിക്ക് വേണ്ടി മത്സരിക്കുന്നവരാണ് എന്നുള്ളത് എൻഡിഎ മുന്നോട്ടുവയ്ക്കുന്ന വലിയ നേട്ടം തന്നെയാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിച്ച ചടങ്ങ് പോലും ബിജെപിയുടെ നാരീശക്തി ഉറപ്പിക്കുന്നതായിരുന്നു. തൃശ്ശൂരിൽ നടന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പരിപാടിയിൽ നിരവധി പ്രമുഖ വനിതകളാണ് പങ്കെടുത്തിരുന്നത്. കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും വലിയ സ്ത്രീ പ്രാതിനിത്യം തന്നെയാണ് ബിജെപി സ്ഥാനാർത്ഥികളിൽ ഉള്ളത്. പാർലമെന്റിൽ വനിതാബിൽ പാസാക്കാൻ കഴിഞ്ഞ എൻഡിഎക്ക് ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിലെ സ്ത്രീ പ്രാതിനിധ്യവും വലിയ നേട്ടം തന്നെ ഉണ്ടാക്കും എന്നാണ് പ്രതീക്ഷ.












