ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്ന് കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങളാണ് നദിയിൽ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെത്താനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
പാലം തകർന്ന് വെള്ളത്തിൽ വീണ് എട്ട് പേരെയാണ് കാണാതെ ആയത്. തിരച്ചിലിൽ ഇവരിൽ രണ്ട് പേരെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. മറ്റുള്ളവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ആറ് പേരും മരിച്ചതായി കണക്കാക്കി തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ഇവരിൽ രണ്ട് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
35, 26 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കളുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പാലത്തിന്റെ മദ്ധ്യഭാഗത്തായി ഏഴ് മീറ്റർ ആഴത്തിൽ ആയിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇതിന് സമീപത്ത് നിന്നായി മറ്റ് മൃതദേഹങ്ങളും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
അതേസമയം പാലത്തിൽ ഇടിച്ച ചരക്ക് കപ്പലിൽ നിന്നും അധികൃതർ തെളിവ് ശേഖരിക്കാൻ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ചരക്ക് കപ്പൽ ഇടിച്ച് പാലം തകർന്നത്. ബാൾട്ടിമോറിലെ പ്രശസ്ത പാലമായ ഫ്രാൻസിസ് സ്‌കോട്ടി ബ്രിഡ്ജ് ആണ് തകർന്നത്.










