ന്യൂഡൽഹി : കോൺഗ്രസിനും സിപിഐക്കും കുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയതിന് പിന്നാലെ സിപിഐഎമ്മിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. സിപിഐഎമ്മിന് 15.59 കോടി രൂപ പിഴയാണ് ആദായനികുതി വകുപ്പ് ചുമത്തിയിട്ടുള്ളത്. ഒരു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ മറച്ചുവെച്ചതിനാണ് ആ അക്കൗണ്ടിലെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് പിഴ ചുമത്തിയിരിക്കുന്നത്.
പിഴയും പലിശയും ചേർത്താണ് സിപിഐഎം 15.59 കോടി രൂപ പിഴ അടുക്കേണ്ടത്. എന്നാൽ ആദായ നികുതി വകുപ്പ് നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഐഎം അറിയിച്ചു. നേരത്തെ കോൺഗ്രസിനും സിപിഐക്കും ആദായനികുതി വകുപ്പ് കുടിശിക നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസിന് 1823 കോടി രൂപയും സിപിഐക്ക് 11 കോടി രൂപയുമാണ് കുടിശ്ശികയായി ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുള്ളത്.
അതേസമയം തങ്ങൾക്കും ആദായനികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടുള്ളതായി തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ അറിയിച്ചു. എന്നാൽ എത്ര തുകയുടെ നോട്ടീസ് ആണ് ലഭിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ ആദായനികുതി വകുപ്പിലൂടെ നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.
Discussion about this post