ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേ സ്ഫോടന കേസിലെ പ്രതികളുടെ ചിത്രം ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ടു. രാമേശ്വരം കഫേയിൽ ബോംബ് വെച്ച പ്രതിയുടെയും ആസൂത്രകരിൽ ഒരാളുടെയും ചിത്രമാണ് എൻഐഎ പുറത്തുവിട്ടിരിക്കുന്നത്. സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനെ കഴിഞ്ഞദിവസം എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് എൻഐഎ പ്രഖ്യാപിച്ചിരിക്കുന്നത്. രാമേശ്വരം കഫേയിൽ ബോംബ് സ്ഥാപിച്ച പ്രതിയായ മുസാവിർ ഹുസൈൻ ഷാസിബ്, ആസൂത്രകരിൽ ഒരാളായ അബ്ദുൾ മദീൻ അഹമ്മദ് താഹ എന്നിവരുടെ ചിത്രങ്ങളാണ് എൻഐഎ പുറത്തുവിട്ടിട്ടുള്ളത്.
മൂന്ന് സംസ്ഥാനങ്ങളിലായി 18 ഇടത്ത് റെയ്ഡ് നടത്തിയതിനുശേഷം ആണ് കഴിഞ്ഞദിവസം സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ മുസമ്മിൽ ഷെരീഫിനെ എൻഐഎ അറസ്റ്റ് ചെയ്തത്. കർണാടകയിലും തമിഴ്നാട്ടിലും ഉത്തർപ്രദേശിലും ആയിരുന്നു അന്വേഷണസംഘം പരിശോധന നടത്തിയിരുന്നത്. മാർച്ച് ഒന്നിന് ആയിരുന്നു ബംഗളൂരു വൈറ്റ്ഫീൽഡ് ഏരിയയിൽ പ്രവർത്തിച്ചിരുന്ന രാമേശ്വരം കഫെയിൽ സ്ഫോടനം നടന്നത്. ഭക്ഷണം കഴിക്കാൻ എന്ന വ്യാജേന എത്തിയ അജ്ഞാതൻ ബോംബ് അടങ്ങിയ ബാഗ് കഫേയിലെ വാഷ്റൂമിന് സമീപത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു. സ്ഫോടനത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു.
Discussion about this post