വിജയ സിനിമകളുടെ പേരിലുള്ള മാർക്കെറ്റിങാണ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ്. ഫുഡ് ബിസിനസ് മുതൽ കേരള പോലീസ് വരെ അവരുടെ പരസ്യവും മുന്നറിയിപ്പും ആകർഷകമാക്കാനായി സിനിമകളുടെ ക്യാപ്ഷനാണ് തിരഞ്ഞെടുക്കുന്നത്. അതിൽ ഭ്രമയുഗവും പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സുമൊക്കെ ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ‘ആടുജീവിതം’ കൂടി റിലീസിനെത്തിയതോടെ ഈ ട്രെൻഡ് തുടരുകയാണ്.
ആടുജീവിതത്തിന്റെ പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ മിൽമ – ചൂട് ജീവിതം, ബർഗർ ലോഞ്ച് – ബർഗർ ജീവിതം, അച്ചാർ പരസ്യത്തിന് അച്ചാർ ജീവിതം, ടിഎംടി കമ്പികളുടെ പരസ്യത്തിന് ആടാത്ത ജീവിതം, എന്നിങ്ങനെ പരസ്യങ്ങളുടെ നീണ്ട നിരയാണ്. മാത്രമല്ല നിങ്ങൾ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോയാൽ വിളിക്കാം എന്ന അറിയിപ്പുമായി കേരള പോലീസ് പങ്കുവെച്ചിരിക്കുന്നത് ആടുജീവിതം പോസറ്ററിലെ നജീബ് ഒറ്റയ്ക്ക് നടക്കുന്ന ചിത്രമാണ്.
മറ്റൊരു പ്രത്യേകത, ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾ റിലീസ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇത്തരം പരസ്യമിറങ്ങിയതെങ്കിൽ ആടുജീവിതം റിലീസ് ചെയ്ത അന്ന് തന്നെ ഇത്തരം പരസ്യങ്ങളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. അതേസമയം ഗംഭീര തുടക്കം കുറിച്ചുകൊണ്ട് ആടുജീവിതം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. റിലീസ് ദിനത്തിൽ ആഗോള തലത്തിൽ 16.7 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 16വർഷത്തോളമെടുത്ത നിർമ്മാണ പ്രവർത്തനങ്ങൾക്കൊടുവിൽ ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.
Discussion about this post