ന്യൂഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ മത്സ്യബന്ധനക്കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേനയ്ക്ക് നന്ദി അറിയിച്ച് പാകിസ്താൻ പൗരന്മാർ. ഇന്ത്യയ്ക്ക് ജയ് വിളിച്ചും നാവിക സേനയ്ക്ക് നന്ദി അറിയിച്ചും കൊണ്ട് പാക് പൗരന്മാർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
” ഞങ്ങളെ സൊമാലിയൻ കടൽക്കൊള്ളക്കാർ പിടികൂടിയെന്നും ഇത് അറിഞ്ഞ് എത്തിയ ഇന്ത്യൻ നാവിക സേന കൊളളക്കാരിൽ നിന്ന് തങ്ങളെ മോചിപ്പിച്ചുവെന്നും” ആണ് പാകിസ്താനി പൗരന്മാർ വീഡിയോയിൽ പറഞ്ഞത്. ”ഇന്ത്യ സിന്ദാബാദ്” എന്ന് ഉറക്കെ വിളിക്കുന്നതും കാണാം.
യെമനിലെ സൊകോത്രയിൽ നിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് മാറിയാണ് മത്സ്യബന്ധനത്തിന് പോയ ഇറാനിയൻ കപ്പൽ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയത്. അൽ കമ്പാർ 786 എന്ന മത്സ്യബന്ധന കപ്പൽ ആയിരുന്നു റാഞ്ചപ്പെട്ടത്. വിവരമറിഞ്ഞ ഉടൻതന്നെ സമുദ്രനിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികസേന രണ്ട് യുദ്ധ കപ്പലുകൾ സ്ഥലത്തേക്ക് അയച്ചു. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാവികസേന ഇറാനിയൻ കപ്പലിനെ കടൽക്കൊള്ളക്കാരിൽ നിന്നും മോചിപ്പിച്ചത്. ഈ മത്സ്യബന്ധന കപ്പലിൽ ഉണ്ടായിരുന്ന 23 ജീവനക്കാരും പാകിസ്താൻ സ്വദേശികളായിരുന്നു.
സംഭവത്തിൽ ഒമ്പത് സൊമാലിയൻ കടൽക്കൊള്ളക്കാരെ പിടികൂടിയതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഇവരെ രാജ്യത്തെത്തിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.
Discussion about this post