കേരളത്തിലെ ബൂത്ത് തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംവാദം നടത്തി. നമോ ആപ്പിലൂടെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബൂത്ത് പ്രസിഡണ്ടുമാർ പ്രധാനമന്ത്രിയുമായുള്ള സംവാദത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുന്നതിനായി ബൂത്ത് തലത്തിൽ കൃത്യമായ ടീം വർക്ക് വേണമെന്ന് മോദി ആവശ്യപ്പെട്ടു.
മോദിയുടെ ഗ്യാരണ്ടി ജനങ്ങളിലേക്ക് എത്തുന്നത് ഓരോ കാര്യകർത്താക്കളുടെയും കഠിനപ്രയത്നം മൂലം ആണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മാവേലിക്കര ചെങ്ങന്നൂർ ബൂത്ത് പ്രസിഡണ്ട് ആയ ഉദയകുമാരിയുമായി ആണ് മോദി ആദ്യം സംസാരിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൗണ്ട് തലത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞു. മോദി സർക്കാർ വനിതകൾക്കായി നടത്തിയിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും കുറിച്ച് ഓരോ വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നുണ്ടെന്ന് ശ്രീമതി ഉദയകുമാരി പ്രധാനമന്ത്രിയെ അറിയിച്ചു.
കേരളത്തിലെ പ്രവർത്തകരുടെ ത്യാഗങ്ങളെ കുറിച്ച് മറ്റു സംസ്ഥാനങ്ങളിൽ പോലും സംസാരിക്കപ്പെടുന്നതായും പ്രധാനമന്ത്രി അറിയിച്ചു. അഴിമതിയുടെ കാര്യത്തിൽ പരസ്പരം പങ്കുപറ്റുന്നവരാണ് കേരളത്തിലെ എൽഡിഎഫും യുഡിഎഫും. പരസ്പരം അഴിമതിയുടെ വിവരങ്ങൾ മറച്ചുവെക്കുകയാണ് ഇവർ ചെയ്യുന്നത്. തിരഞ്ഞെടുപ്പിനായി എൻഡിഎയുടെ പ്രവർത്തനം ബൂത്ത് തലത്തിൽ തന്നെ ഏകോപിപ്പിക്കപ്പെടേണ്ടതുണ്ട്. അതിനായി മികച്ച രീതിയിൽ ഒരു ടീമായി തന്നെ എല്ലാവരും പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
അടുത്ത ബൂത്തുകളിലുള്ളവർ ചേർന്ന് ഒന്നിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിക്കുന്ന ടിഫിൻ മീറ്റിങ്ങിലൂടെ ടീം വർക്കിന് തുടക്കം കുറിക്കാം എന്നും മോദി കാര്യകർത്താക്കളോട് വ്യക്തമാക്കി. ഓരോ ബൂത്തുകളും ജയിക്കുക എന്നതാവണം ലക്ഷ്യം എന്നും കേരളത്തിലെ പ്രവർത്തകരോട് മോദി സൂചിപ്പിച്ചു. അങ്ങനെ ഓരോ ബൂത്തുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജയത്തിനായി ശ്രമിച്ചാൽ ഓരോ സീറ്റുകളിലും വിജയം നേടാൻ കഴിയുന്നതാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post