പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിക്ക് എതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മണ്ഡലത്തിലെ വെയിറ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും ആന്റോ ആന്റണിയുടെ ചിത്രവും പേരും സ്ഥാപിച്ചതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചിരുന്നത്. വെയ്റ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും ഉള്ള ആന്റോ ആന്റണിയുടെ ചിത്രവും പേരും ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ആവശ്യപ്പെട്ടു.
എൽഡിഎഫ് നൽകിയ പരാതിയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് സ്ക്വാഡാണ് ഇവ നീക്കം ചെയ്യുന്നതെങ്കിൽ അതിനു വരുന്ന ചെലവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എൽഡിഎഫ് ആറന്മുള നിയോജകമണ്ഡലം സെക്രട്ടറിയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ ഇ പത്മകുമാർ ആണ് ആന്റോ ആന്റണിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിരുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വെയിറ്റിംഗ് ഷെഡുകളിലും മൊബൈൽ ടവറുകളിലും തന്റെ പേരും ചിത്രങ്ങളും സ്ഥാപിച്ചിട്ടുള്ളതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ തോമസ് ഐസക്കിനും ഇത്തരത്തിൽ പേരും ചിത്രങ്ങളും സ്ഥാപിക്കാൻ അനുമതി നൽകണം എന്നായിരുന്നു ഇ പത്മകുമാർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇക്കാര്യം പ്രായോഗികം അല്ലെന്നും ആന്റോ ആന്റണി എത്രയും പെട്ടെന്ന് ചിത്രങ്ങളും പേരും നീക്കം ചെയ്യണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
Discussion about this post