കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ അതേ മണ്ഡലത്തിന്റെ ഭാഗമായ മാഹിയിൽ എന്ത് നിലപാടെടുക്കുമെന്നാണ് പാർട്ടിയിൽ ഉയരുന്ന ആശയക്കുഴപ്പം.
പുതുച്ചേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വി വൈദ്യലംിഗത്തെ പിന്തുണയ്ക്കുന്ന സിപിഎം പ്രചാരണ രംഗത്തും സജീവമാണ്. പത്രികാസമർപ്പണവേളയിലും സ്ഥാനാർഥിക്കൊപ്പം സി.പി.എം. നേതാക്കളുണ്ടായിരുന്നു.
കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഭാഗമായാണ് മാഹിയിലെ സി.പി.എം. ഘടകം പ്രവർത്തിക്കുന്നത്. അവിടെ കോൺഗ്രസിനെ പിന്തുണച്ചാൽ കേരളത്തിലൊട്ടാകെയും ചോദ്യങ്ങൾ ഉയരുമെന്ന ആശങ്കയാണ് പാർട്ടിയ്ക്ക്.
കേരളത്തിലെ രാഷ്ട്രീയനിലപാടിന് വിരുദ്ധമായ തീരുമാനമെടുക്കേണ്ടി വരുന്നതാണ് മാഹിയിൽ സി.പി.എമ്മിനെ കുഴയ്ക്കുന്നത്. മാഹിയോട് ചേർന്നുകിടക്കുന്ന മണ്ഡലമായ വടകരയിൽ കോൺഗ്രസും സി.പി.എമ്മും കടുത്ത പോരാട്ടത്തിലാണ്. അതിനാൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ മാഹിയിലെ സി.പി.എമ്മിന് പ്രയാസമുണ്ടാകും.
Discussion about this post