ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലെ എംപിയും ചലച്ചിത്രതാരവുമായ സുമലത ബിജെപിയിൽ ചേർന്നു. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സുമലത വ്യക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ എച്ച് ഡി കുമാരസ്വാമിയെ പിന്തുണയ്ക്കാനാണ് സുമലതയുടെ തീരുമാനം.
മാണ്ഡ്യയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത കഴിഞ്ഞതവണ ലോക്സഭയിൽ എത്തിയിരുന്നത്. സുമലതയ്ക്ക് പിന്തുണ നൽകിയിരുന്ന ബിജെപി കഴിഞ്ഞ തവണ മാണ്ഡ്യയിൽ സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. ഇത്തവണ മാണ്ഡ്യയിൽ എൻഡിഎ സ്ഥാനാർത്ഥിയായി എച്ച് ഡി കുമാരസ്വാമിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ സുമലത മത്സരിക്കുമോ എന്നുള്ള കാര്യം ചർച്ചയായിരുന്നു. തുടർന്നാണ് ഇന്ന് സുമലത തന്നെ നേരിട്ട് ബിജെപിയിൽ ചേരുകയാണ് എന്നുള്ള കാര്യം വ്യക്തമാക്കിയത്.
2018-ൽ സുമലതയുടെ ഭർത്താവും നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിൻ്റെ മരണശേഷമാണ് സുമലത രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു.
2019ൽ മാണ്ഡ്യയിൽ എച്ച്‌ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുമലത അംബരീഷ് വിജയിച്ചത്. ജെഡിഎസ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ആണ് ദേവഗൗഡ കുടുംബത്തിന്റെ തട്ടകമായിരുന്ന മാണ്ഡ്യയിൽ വീണ്ടും കുമാരസ്വാമി മത്സരത്തിന് എത്തുന്നത്.
Discussion about this post