ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലേക്കയച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ദിവസം ആരംഭിക്കുന്നത് കൈയ്യിൽ ചൂലുമായി. രാവിലെ സെല്ലിൽ നിന്ന് ഇറങ്ങുന്ന കെജ്രിവാൾ സെല്ലിന്റെ സമീപത്തുള്ള മരത്തിന്റെ ചുവട്ടിലെ കരിയിലകളും മറ്റും തൂത്തുവാരാറുണ്ടെന്നാണ് വിവരം.
അരവിന്ദ് കെജ്രിവാളിന് കിടക്കാൻ സ്വന്തം കിടക്ക നൽകിയിട്ടുണ്ട് ജജയിൽ അധികൃതർ. അതീവ സുരക്ഷയുള്ള ജയിലിലെ രണ്ടാം നമ്പർ മുറി ഒറ്റയ്ക്ക് കിടക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. വായിക്കാൻ മൂന്ന് പുസ്തകങ്ങളും ഒരൂ മേശയും ഒരുകസേരയും നൽകിയിട്ടുണ്ട്.
പ്രമേഹരോഗിയായതിനാൽ ഷുഗർ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങളും അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഉണ്ടായിരുന്നതായും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു. അതിരാവിലെ എഴുന്നേറ്റ അദ്ദേഹം ജയിലിൽ നിന്ന് ചായയും പ്രഭാതഭക്ഷണവും കഴിച്ചതായും അധികൃതർ പറഞ്ഞു. വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാനും നിർദേശിച്ച മരുന്നുകൾ കൊണ്ടുപോകാനും കോടതി അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു.ഏപ്രിൽ പതിനഞ്ച് വരെ കെജരിവാൾ തീഹാർ ജയിലിൽ തുടരും.
അരവിന്ദ് കെജ്രിവാളിന്റെ സമീപ തടവുകാരിൽ അധോലോക നായകരും തീവ്രവാദിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. അധോലോക നായകനായ ഛോട്ടാ രാജൻ, കുപ്രസിദ്ധ ഗുണ്ടാ തലവനായ നീരജ് ബവാന, തീവ്രവാദിയായ സിയാവുർ റഹ്മാൻ എന്നിവരാണ് കെജ്രിവാളിന്റെ സമീപ തടവുകാർ എന്നാണ് വിവരം.
അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഒന്നാം നമ്പർ ജയിലിലും മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഏഴാം നമ്പർ ജയിലിലും രാജ്യസഭാ എംപി സഞ്ജയ് സിങ് അഞ്ചാം നമ്പർ ജയിലിലും കഴിയുകയാണ്. കൂടാതെ ഇതേ കേസിൽ തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയും തിഹാറിലുണ്ട്. വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലാണ് കവിത ഉള്ളത്.









