ന്യൂഡൽഹി: പുറത്താക്കുന്നതിന് മുൻപ് തന്നെ താൻ രാജിവച്ചിരുന്നതായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോൺഗ്രസ് പുറത്താക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം തെളിയിക്കുന്ന രാജിക്കത്തും അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ഇന്നലെയായിരുന്നു സഞ്ജയ് രാജിക്കത്ത് കൈമാറിയത് എന്നാണ് തിയതിയിൽ നിന്നും വ്യക്തമാകുന്നത്. രാജിക്കത്ത് ഇന്നലെ രാത്രി തന്നെ നേതൃത്വം അംഗീകരിച്ചുവെന്ന് സഞ്ജയ് പറഞ്ഞു. ഇതിന് ശേഷമാണ് തന്നെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്. നേതൃത്വത്തിന്റെ ആവേശം കാണാൻ നന്നായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇന്ന് രാവിലെയോടെയാണ് കോൺഗ്രസ് നേതൃത്വം സഞ്ജയ് നിരുപമിനെ സസ്‌പെൻഡ് ചെയ്യുന്നതായി വ്യക്തമാക്കിയത്. ആറ് വർഷത്തേക്ക് ആണ് സസ്‌പെൻഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായി ചർച്ച നടത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. പാർട്ടിയുടെ മറ്റ് പദവികളിൽ നിന്നും നിരുപമിനെ നീക്കിയതായും നേതൃത്വം വ്യക്തമാക്കിയിരുന്നു.
നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോൺഗ്രസിൽ നിന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെ കൊഴിഞ്ഞു പോകുകയാണ്. ഇതിനിടെ നിരുപമിനെ പുറത്താക്കിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താൻ പാർട്ടിവിട്ടതാണെന്ന് വ്യക്തമാക്കി നിരുപം രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post