ഹൈദരാബാദ് : കുടിവെള്ള ടാങ്കിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. 30 കുരങ്ങുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത് . തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് ദാരുണമായ സംഭവം.
നന്ദികൊണ്ട മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന വാട്ടർ ടാങ്കിലാണ് കുരങ്ങുകളുടെ ജഡം പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടാങ്കിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പ്രദേശവാസികൾ അധികൃതരോട് പരാതിപ്പെടുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കുരങ്ങുകളെ കണ്ടെത്തിയത്. പിന്നീട് കുരങ്ങുകളെ ടാങ്കിൽ നിന്ന് നീക്കം ചെയുകയായിരുന്നു.
വേനൽച്ചൂടിൽ വെള്ളം കുടിക്കാൻ കുരങ്ങുകൾ ജലസംഭരണിയുടെ അകത്തേക്ക് കടന്നതായിരിക്കുമെന്നാണ് വിവരം. ജലസംഭരണിയുടെ മൂടി തുറന്നുകിടന്നതിനാലാണ് കുരങ്ങുകൾ അകത്ത് കുടുങ്ങിയത്. അശ്രദ്ധമൂലമാണ് ദുരന്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.കുരങ്ങുകളെ കണ്ടെത്തിയ ടാങ്കിൽ നിന്ന് 50 ഓളം വീട്ടുകാർക്ക് വെള്ളം നൽകുന്നുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് വരെ അതിൽ നിന്ന് വെള്ളം കുടിച്ചതിനാൽ പരിസരവാസികൾ ആശങ്കയിലാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം തുടരുകയാണ്.
Discussion about this post