ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിവിട്ട നേതാവ് സഞ്ജയ് നിരുപം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കോൺഗ്രസ് പാർട്ടിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കോൺഗ്രസ് തകർന്നടിയുന്ന പാർട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജയ് ശ്രീറാം എന്ന് അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു നിരുപം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ ആരംഭിച്ചത്. കോൺഗ്രസ് തകർന്ന് അടിയുന്ന പാർട്ടിയാണ്. നിലവിൽ കോൺഗ്രസിന് അഞ്ച് അധികാര കേന്ദ്രങ്ങളാണ് ഉള്ളത്. ഈ അഞ്ച് കേന്ദ്രങ്ങൾക്കും അവരുടേത് ആയ താത്പര്യങ്ങൾ ഉണ്ട്. സോണിയ ഗാന്ധിയാണ് ഇതിൽ ആദ്യത്തെ ശക്തികേന്ദ്രം. രാഹുൽ ഗാന്ധി രണ്ടാമത്തേതും പ്രിയങ്കാ വാദ്ര മൂന്നാമത്തേതുമാണ്. മല്ലികാർജ്ജുൻ ഖാർഗെയ്ക്കാണ് ഇതിൽ നാലാം സ്ഥാനം. കെ.സി വേണുഗോപാലാണ് ഇതിൽ അവസാനത്തെ ശക്തി കേന്ദ്രം.
ദേശീയ പാർട്ടിയായി അധികകാലമൊന്നും തുടരാൻ കോൺഗ്രസിന് കഴിയില്ല. ദേശീയ പാർട്ടി പദവിയില്ലെങ്കിലും തങ്ങൾക്ക് പ്രശ്‌നമില്ലെന്നാണ് മഹാരാഷ്ട്ര അദ്ധ്യക്ഷൻ പറയുന്നത്. ബിഹാറിലെ മില്ലുകൾ പോലെയാണ് കോൺഗ്രസിന്റെ അവസ്ഥയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു നിരുപം കോൺഗ്രസ് വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുമായി ബന്ധപ്പെട്ട് ഷിൻഡെ വിഭാഗവുമായി നിരുപം ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് കോൺഗ്രസിൽ നിന്നും വിമർശനം നേരിട്ടതോടെയായിരുന്നു രാജി. അദ്ദേഹത്തിന്റെ രാജിക്കത്ത് ലഭിച്ചതിന് പിന്നാലെ പുറത്താക്കിയതായി കോൺഗ്രസ് പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.
Discussion about this post