തിരുവനന്തപുരം : മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പരാതി നൽകി. ഡൽഹി പോലീസിലാണ് അദ്ദേഹം പരാതി നൽകിയിട്ടുള്ളത്. കള്ള രേഖയുണ്ടാക്കി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പരാതി.
തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റി അംഗവും അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ നിർവാഹക സമിതി അംഗവുമായ ജെ മോസസ് ജോസഫ് ഡിക്രൂസിനെതിരെയാണ് രാജീവ് ചന്ദ്രശേഖർ പരാതി നൽകിയിട്ടുള്ളത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ആയി ബിസിനസ് ബന്ധമുണ്ടെന്ന് വ്യാജ ആരോപണം ഉന്നയിക്കാനായി രാജീവ് ചന്ദ്രശേഖരന്റെ ഫോട്ടോ മോർഫ് ചെയ്ത് ഉപയോഗിച്ചതാണ് പരാതിക്ക് ആസ്പദമായ സംഭവം.
കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്ര മന്ത്രി കുമാരി പ്രതിമ ഭൗമിക് ഇരിക്കുന്ന 2023ലെ ഫോട്ടോയിൽ ഇ പി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ മുഖം മോർഫ് ചെയ്ത് ചേർത്താണ് ജെ മോസസ് ജോസഫ് ഡിക്രൂസ് വ്യാജ ആരോപണം ഉന്നയിച്ചിരുന്നത്. ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ക്രിമിനൽ ഗൂഢാലോചന നടത്തി എന്നാണ് രാജീവ് ചന്ദ്രശേഖർ പരാതി നൽകിയിട്ടുള്ളത്.
Discussion about this post