തിരുവനന്തപുരം : കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതപരിവർത്തന ലോബിയുടെയും ലൗ ജിഹാദിന്റെയും കഥ പറഞ്ഞ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ഇനി മുതൽ ദൂരദർശനിൽ കാണാം. ഏപ്രിൽ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരള സ്റ്റോറി സംപ്രേക്ഷണം ചെയ്യുമെന്ന് ദൂരദർശൻ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം. കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും ദൂരദർശൻ പിന്മാറണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ ബിജെപി നടത്തുന്ന നീക്കമാണ് ദി കേരള സ്റ്റോറി എന്ന സിനിമയുടെ ദൂരദർശനിലൂടെയുള്ള പ്രദർശനം എന്ന് സിപിഐഎം വിമർശിച്ചു. കേരളത്തിൽ മത വർഗീയതയുടെ വിത്തിട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഈ സിനിമ നടത്തുന്നത്. അതിന് ദൂരദർശൻ കൂട്ടുനിൽക്കരുത് എന്നും സിപിഐഎം ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നും നിരവധി സ്ത്രീകൾ മതം മാറി തീവ്രവാദ പ്രവർത്തനങ്ങൾക്കായി സിറിയ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോയതിനെ കുറിച്ചാണ് സിനിമ പറയുന്നത്. ദി കേരള സ്റ്റോറി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ സമയത്ത് തന്നെ സിപിഐഎം ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം ദൂരദർശൻ ഏറ്റെടുത്തതിനെതിരെയും കടുത്ത എതിർപ്പാണ് സിപിഐഎം ഉയർത്തുന്നത്.
Discussion about this post