കണ്ണൂർ: കണ്ണൂർ പാനൂർ സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകട സമയത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. രണ്ട് പേർക്ക് കൂടി സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. വിനോദ്, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ വിനോദ് കോഴിക്കോട് മെഡിക്കൽ കോളേജിലും അക്ഷയ് പരിയാരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
ബോംബ് നിർമ്മാണ സംഘത്തിൽ കൂടുതൽ പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഘത്തിൽ കൂടെ ഉണ്ടായിരുന്നവരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കൂടാതെ സംഭവസ്ഥലത്ത് നിന്ന് നിരവധി ബോംബുകൾ കണ്ടെത്തി. ബക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബ്. പിന്നീട് ബോംബ് സ്‌ക്വാഡ് ഇത് നിർവീര്യമാക്കുകയായിരുന്നു.
ബോംബ് നിർമാണം നടക്കുന്നത് അറിഞ്ഞിരുന്നില്ല എന്ന് സ്‌ഫോടനം നടന്ന വീടിന്റെ ഉടമ പറഞ്ഞു. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം അനുഭാവി ഷെറിൻ മരിച്ചു. പരിക്കേറ്റ വിനീഷിന്റെ നിലയും അതീവ ഗുരുതരമാണ്. ഇയാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയതായാണ് റിപ്പോർട്ട് .












