പണ്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ മുതിർന്നവരോട് ചോദിച്ച് മനസിലാക്കുകയോ പുസ്തകങ്ങൾ വായിച്ച് മനസിലാക്കുകയോ ആയിരുന്നു. എന്നാലിന്ന് കാലം മാറി. എന്ത് സംശയം വന്നാലും ഗൂഗിൾ ചെയ്യുകയാണ് പതിവ്. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ നമുക്ക് സൗജന്യമായി ഈ സേവനം ഉപയോഗപ്പെടുത്താം. എന്നാൽ ഈ സൗജന്യം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് ഗൂഗിൾ. സെർച്ചിന് നിരക്ക് ഏർപ്പെടുത്താൻ ആലോചിക്കുകയാണ് കമ്പനി.
സെർച്ച് എഞ്ചിനിൽ മാറ്റങ്ങളുണ്ടാകുകയും ‘പ്രീമിയം’ ഫീച്ചറുകൾക്ക് പണം ഈടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ട്. ഈ പ്രീമിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്നതാകുമെന്നാണ് സൂചന.
കുറച്ച് കാലം മുമ്പ്, ഗൂഗിൾ സെർച്ചിനൊപ്പം ജനറേറ്റീവ് എഐയുടെ സ്നാപ്പ്ഷോട്ട് ഫീച്ചർ കമ്പനി പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു. ഇതിനെ കൂടുതൽ പ്രായോഗികമാക്കാനാണ് ഇപ്പോൾ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്.പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകൾക്കൊപ്പം എഐ സവിശേഷതകൾ സംയോജിപ്പിക്കാൻ കഴിയുന്ന ഓപ്ഷനുകൾക്കൂടി ഗൂഗിൾ കണ്ടെത്തുകയാണ്. ജിമെയിലിനും ഡോക്‌സിനും ഒപ്പം എഐ അസിസ്റ്റന്റിന്റെ ഫീച്ചറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
സർച്ചുമായി ബന്ധപ്പെട്ട് പരസ്യങ്ങളുടെ സഹായത്തോടെ ഗൂഗിൾ കഴിഞ്ഞ വർഷം 175 ബില്യൺ ഡോളറാണ് ഗൂഗിൾ സമ്പാദിച്ചത്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ പകുതിയിലധികമാണ് ഈ സംഖ്യ. സെർച്ചിലൂടെ വരുന്ന പണം ലാഭിക്കാൻ കമ്പനി ആലോചിക്കുന്നതിന്റെ കാരണവും ഇതാണ്. ChatGPT ആരംഭിച്ചതുമുതൽ, ഈ പ്ലാറ്റ്‌ഫോം ഗൂഗിളിന് ഒരു വെല്ലുവിളിയായി മാറിയിരുന്നു.












