ലക്‌നൗ: സമൂഹത്തിന് ഭീഷണിയാവുന്ന ക്രിമിനലുകൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അലിഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉത്തർപ്രദേശിൽ രാത്രിയിൽ സ്ത്രീകൾക്കും വ്യവസായികൾക്കും സുരക്ഷിതമായി വീടിന് പുറത്തിറങ്ങാൻ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്ന ക്രിമിനലുകളെ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട് . ഭഗവാൻ രാമന്റെ നാമം ജപിച്ചു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഭഗവാൻ രാമനെ കൂടാതെ ഒന്നും സാധിക്കില്ല. എന്നാൽ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഒരാൾ ഭീഷണിയാണെങ്കിൽ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
10 വർഷം മുമ്പ് ജനങ്ങൾ സ്വപ്നം കണ്ടത് ഇപ്പോൾ യാഥാർത്ഥ്യമാകുകയാണ്. നിങ്ങളുടെ വോട്ടിന്റെ മൂല്യം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. തെറ്റായ വോട്ട് രാജ്യത്ത് അഴിമതിക്കാരുടെ എണ്ണം കൂട്ടുന്നു. സംസ്ഥാനത്ത് ഒരു സമയത്ത് അരാജകത്വം കൊടികുത്തി വാണിരുന്നു. സമാധാനത്തോടെ ജീവിക്കുക എന്നത് സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമായത് നമ്മുടെ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളാണ്.
നിങ്ങൾ നിങ്ങളുടെ വോട്ട് മോദിക്ക് നൽകിയപ്പോൾ, നിങ്ങളുടെ ഭാവിയുടെ ഗ്യാരന്റി നിങ്ങൾ ഉറപ്പാക്കുകയാണ് ചെയ്തത്. മോദി സർക്കാരിന് മൂന്നാം തവണയും ജനങ്ങൾ തിരഞ്ഞെടുക്കുമെന്ന് ആദിത്ഥനാഥ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Discussion about this post