ന്യൂഡൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് ബോധപൂർവ്വമാണെങ്കിൽ പുരുഷൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹി സ്വദേശിനി നൽകിയ ബലാത്സംഗ പരാതി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർണായക നിരീക്ഷണം. ഇതിന് പിന്നാലെ കോടതിയിൽ നൽകിയ പരാതി യുവതി പിൻവലിച്ചു.
ജസ്റ്റിസ് അനൂപ് കുമാർ മെന്ദിരത്തയുടേത് ആയിരുന്നു നിർണായക നിരീക്ഷണം. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ യുവാവ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പിന്നീട് വീട്ടുകാർ വേറെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് താനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറിയെന്നുമായിരുന്നു പരാതി. എന്നാൽ ഇത് പരിഗണിച്ച കോടതി ഹർജി തള്ളുന്നതായി വ്യക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് നിർണായക പരാമർശങ്ങൾ നടത്തിയത്.
അനന്തര ഫലം പൂർണമായു മനസിലാക്കിയ ശേഷം ബോധപൂർവ്വം സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അത് പുരുഷൻ തെറ്റിദ്ധരിപ്പിച്ചാണെന്ന് പറയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. അല്ലെങ്കിൽ പുരുഷന്റേത് വ്യാജ വാഗ്ദാനം ആയി കണക്കാക്കാൻ കഴിയില്ല. പുരുഷനെതിരെ പീഡന പരാതി ഉന്നയിക്കുമ്പോൾ തെളിവുകൾ വേണമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം പരാതി നൽകിയതിന് പിന്നാലെ യുവതിയും യുവാവും തമ്മിൽ വിവാഹം കഴിച്ചിരുന്നു. ഇത് യുവതി കോടതിയെ ബോധിപ്പിച്ചു. ചില തെറ്റിദ്ധാരണയുടെ പുറത്താണ് പരാതി നൽകിയത് എന്നും, പിൻവലിക്കുകയാണെന്നും യുവതി കോടതിയെ അറിയിച്ചു.
Discussion about this post