ഭോപ്പാൽ : മധ്യപ്രദേശിലെ ഭോപ്പാലിൽ മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട നഴ്സ് മായയുടെ സഹപ്രവർത്തകനായ ദീപക്ക് കത്തിയാറിനെ ഭോപ്പാൽ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ നാലു വർഷത്തിലേറെയായി ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു മായയും ദീപക്കും. നാലുവർഷത്തിലേറെയായി ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ദീപക് വിവാഹിതനായിട്ടും ബന്ധത്തിൽ നിന്നും പിന്മാറാൻ മായ തയ്യാറായിരുന്നില്ല. മായയെ ഒഴിവാക്കാൻ പല ആവർത്തി ശ്രമിച്ചെങ്കിലും നടക്കാതെ ആയതോടെയാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി ദീപക് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിയാണ് പ്രതി ദീപക് കത്തിയാർ. കാൺപൂർ സ്വദേശിനിയായ മറ്റൊരു യുവതിയുമായി കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ദീപക് വിവാഹിതനായിരുന്നത്. ദീപക്കിന്റെ വിവാഹ വിവരം അറിഞ്ഞിട്ടും ബന്ധത്തിൽ നിന്നും പിന്മാറാൻ മായ തയ്യാറാകാതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുൻപ് ഇരുവരും തമ്മിൽ ശാരീരിക ബന്ധം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് മായയെ ദീപക് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാലുമണിക്കൂർ വീട്ടിൽ സൂക്ഷിച്ചശേഷമാണ് ദീപക് ആശുപത്രിയിൽ എത്തിച്ചിരുന്നത്.
Discussion about this post