ന്യൂഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് വൻ തോൽവിയാണ് നേരിടുന്നതെങ്കിൽ രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ നിന്നും പിന്മാറണമെന്ന് പ്രശസ്ത രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10 വർഷമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ഇനിയും തന്റെ പാർട്ടിയെ മുന്നോട്ട് എത്തിക്കാൻ രാഹുലിന് കഴിയുന്നില്ലെങ്കിൽ സ്വയം രാഷ്ട്രീയത്തിൽ നിന്നും പിന്മാറുകയാണ് നല്ലത് എന്ന് ജാൻ സൂരജ് സ്ഥാപകൻ കൂടിയായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
“പത്തുവർഷം ജോലി ചെയ്തിട്ടും യാതൊരു മുന്നേറ്റവും നിങ്ങൾക്ക് ഉണ്ടാവുന്നില്ലെങ്കിൽ നിങ്ങൾ ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതണം. അടുത്ത അഞ്ചുവർഷത്തേക്ക് എങ്കിലും മറ്റാരെയെങ്കിലും നേതൃത്വം ഏറ്റെടുക്കാൻ അനുവദിക്കൂ. സോണിയ ഗാന്ധി തന്നെ അതിന് മാതൃക കാണിച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ മരണശേഷം രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിന്ന സോണിയ പി വി നരസിംഹറാവുവിന് ചുമതല നൽകിയത് മികച്ച ഒരു തീരുമാനമായിരുന്നു. അത്തരത്തിൽ ഒരു തീരുമാനമാണ് ഇനി രാഹുലും സ്വീകരിക്കേണ്ടത്” എന്നാണ് പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടത്.
“ലോകമെമ്പാടുമുള്ള നല്ല നേതാക്കളുടെ പട്ടിക എടുത്തുനോക്കൂ, അവരുടെ പ്രധാന ഗുണം സ്വന്തം കുറവുകൾ എന്താണെന്ന് അവർ തിരിച്ചറിയുന്നു എന്നുള്ളതാണ്. ആ കുറവുകൾ നികത്തി കൊണ്ട് മുന്നോട്ടുപോകാൻ അവരെല്ലാം സജീവമായി ശ്രമിക്കാറുണ്ട്. എന്നാൽ രാഹുൽ ഗാന്ധി സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞാൽ പോലും മറ്റു പലരുടെയും തീരുമാനങ്ങൾക്കനുസരിച്ച് മുന്നോട്ടു പോവുകയാണ്. തെരഞ്ഞെടുപ്പിലെ സീറ്റുകളെ സംബന്ധിച്ചോ സഖ്യകക്ഷികളുമായുള്ള ബന്ധങ്ങളിലോ സ്വന്തമായി ഒരു തീരുമാനം പോലും രാഹുൽ ഗാന്ധിക്ക് എടുക്കാൻ കഴിയാറില്ല എന്ന് പല കോൺഗ്രസ് നേതാക്കളും രഹസ്യമായി പറയാറുണ്ട്. അതിനാൽ തന്നെ ഒരു ഇടവേള എടുത്ത് മാറി നിൽക്കേണ്ടത് രാഹുൽഗാന്ധിക്ക് ഏറെ ആവശ്യമായ സന്ദർഭമാണ് ഇത്” എന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.
Discussion about this post