ആലപ്പുഴ : 2004ൽ നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് കെ കരുണാകരൻ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശോഭ സുരേന്ദ്രൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെ മുരളീധരന് ശോഭ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വെല്ലുവിളിയാവും എന്ന് മനസ്സിലാക്കിയ കെ കരുണാകരൻ ഫോണിൽ വിളിച്ച് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ കഴിയുമോ എന്ന് ചോദിച്ചതായി ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തി.
2004 ൽ എ കെ ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്ന കെ മുരളീധരൻ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുകയും മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു. കേരളത്തിൽ ഒരു നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി എന്ന നാണക്കേടിലേക്ക് കെ മുരളീധരന് പോവേണ്ടി വന്നതിൽ പ്രധാനകാരണം ആയത് അന്ന് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ നടന്ന ത്രികോണ മത്സരം ആയിരുന്നു. അന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന ശോഭ സുരേന്ദ്രൻ വലിയ രീതിയിൽ വോട്ട് പിടിച്ചതോടെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ പരാജയപ്പെടുകയും സിപിഐഎം സ്ഥാനാർത്ഥിയായ എസി മൊയ്തീൻ വിജയിക്കുകയുമായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ആണ് ശോഭാ സുരേന്ദ്രൻ ബ്രേവ് ഇന്ത്യ ന്യൂസിനോട് വ്യക്തമാക്കിയത്.
വടക്കാഞ്ചേരിയിൽ കെ മുരളീധരന് മത്സരിക്കാനായി നിലവിലെ എംഎൽഎ രാജിവച്ച ശേഷം ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ അന്ന് ബിജെപി ജനറൽ സെക്രട്ടറി ആയിരുന്ന പി പി മുകുന്ദൻ ശോഭ സുരേന്ദ്രനെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കണമെന്ന് തീരുമാനിക്കുകയായിരുന്നു എന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. അന്ന് ബിജെപിക്ക് 4000ത്തോളം വോട്ടുകൾ മാത്രം ഉണ്ടായിരുന്ന മണ്ഡലം ആയിരുന്നു വടക്കാഞ്ചേരി. എന്നാൽ കെ മുരളീധരൻ മത്സരിക്കുന്ന നിലക്ക് ശോഭാ സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായി നിൽക്കണമെന്ന് പി പി മുകുന്ദൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മത്സരത്തിന് ഇറങ്ങിയ തന്നെ പിന്തിരിപ്പിക്കുന്നതിനായി കെ കരുണാകരൻ പന്നിത്തടത്തുള്ള ഒരു പ്രമുഖ ലീഗ് നേതാവ് വഴി സമീപിച്ചിരുന്നതായി ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യത്തെ പേജ് തന്നെ കീറാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അന്ന് കെ കരുണാകരനോട് വ്യക്തമാക്കിയത് എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കന്നി അങ്കത്തിന് ഇറങ്ങിയ ശോഭാ സുരേന്ദ്രന് ബിജെപിക്ക് ഉണ്ടായിരുന്ന 4000 വോട്ടുകൾ പതിനൊന്നായിരത്തിലേറെ വോട്ടുകൾ ആക്കി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. മന്ത്രിയായിരുന്ന കെ മുരളീധരൻ 2000ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം ഭാവിയിൽ ഒരു പുസ്തകമായി എഴുതണമെന്ന് കരുതിയതാണെന്നും ആദ്യമായാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നത് എന്നും ശോഭാ സുരേന്ദ്രൻ ബ്രേവ് ഇന്ത്യ ന്യൂസിനോട് വ്യക്തമാക്കി.
Discussion about this post