തിരുവനന്തപുരം : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും പുതിയ രണ്ട് അതിഥികളെ കൂടി ലഭിച്ചു. തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതി ആസ്ഥാനത്തും ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുമ്പിലും സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകളിൽ നിന്നാണ് കുഞ്ഞുങ്ങളെ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരു സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
തിരുവനന്തപുരത്തു നിന്നും ലഭിച്ച ആൺകുട്ടിക്ക് മാനവ് എന്നും ആലപ്പുഴയിൽ നിന്നും ലഭിച്ച പെൺകുട്ടിക്ക് മാനവി എന്നും സംസ്ഥാന ശിശുക്ഷേമ സമിതി പേരു നൽകി. മാനവിന് നാലു ദിവസവും മാനവിക്ക് മൂന്ന് ദിവസവും ആണ് പ്രായം. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ആയിരുന്നു ആലപ്പുഴയിൽ നിന്നും പെൺകുഞ്ഞിനെ ലഭിച്ചത്. രാത്രി 10 മണിയോടെ ആയിരുന്നു തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ നിന്നും ആൺകുഞ്ഞിനെ ലഭിച്ചത്.
ആലപ്പുഴയിൽ നിന്നും ലഭിച്ച പെൺകുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കൂടുതൽ ചികിത്സ നൽകാനായി വണ്ടാനം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്നും ലഭിച്ച ആൺകുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പിന്നീട് ഈ കുഞ്ഞിനെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. 2002ലാണ് തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. ഇതിനുശേഷം ലഭിക്കുന്ന 593ആമത്തെ കുട്ടിയാണ് മാനവ്. ആലപ്പുഴയിലെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഒമ്പതാമത്തെ കുട്ടിയാണ് മാനവി.
Discussion about this post