തിരുവനന്തപുരം; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണി തോൽക്കണമെന്ന് പിതാവും കോൺഗ്രസ് നേതാവുമായ എകെ ആന്റണി. താൻ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി ജയിക്കുമെന്ന് പറഞ്ഞ ആന്റണി, പ്രചാരണത്തിന് പോകാത്തത് ആരോഗ്യകാരണങ്ങളാൽ ആണെന്നും വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെഎസ്യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയിൽ മകൻ അനിൽ ആന്റണി ജയിക്കണ്ടേ എന്ന ചോദ്യത്തിന്, അനിൽ തോൽക്കണമെന്നും അവിടെ ആന്റോ ആന്റണി ജയിക്കണമെന്നുമായിരുന്നു മറുപടി.
തന്റെ മതം കോൺഗ്രസ് ആണെന്നും ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണിയുടെയും കരുണാകരന്റെയും മക്കൾ ബിജെപിയിലേക്ക് പോയതിനെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. 10 വർഷം കൊണ്ട് നരേന്ദ്രമോദി ഇന്ത്യ എന്ന ആശയത്തെ ഞെക്കിഞ്ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുന്നു.ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ നരേന്ദ്രമോദിയുടെ ഭരണം അവസാനിപ്പിക്കണം. നരേന്ദ്ര മോദി വീണ്ടും വന്നാൽ ഭരണഘടന അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ പരമാർശത്തിന് മറുപടിയുമായി അനിൽ ആന്റണി രംഗത്തെത്തി. പിതാവിനോട് സഹതാപം മാത്രമാണെന്നും പത്തനംതിട്ടയിൽ ജയിക്കുമെന്നും അനിൽ പറഞ്ഞു. പ്രതിരോധമന്ത്രിയായിരുന്ന ആളാണ് സൈന്യത്തെ അപമാനിച്ച എംപിയെ പിന്തുണയ്ക്കുന്നതെന്നും ആന്റോ ആന്റണി തോൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും നെഹ്രു കുടുംബത്തിന് വേണ്ടി നിലകൊള്ളുന്നതിൽ അപമാനമെന്നും അനിൽ കൂട്ടിച്ചേർത്തു.
Discussion about this post