കാസർകോട് : ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പലിനെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ നടപടിയിൽ ബാഹ്യ ഇടപെടലുകളും താൽപര്യവും ഉണ്ടായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാസർകോട് ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഡോ. രമക്കെതിരായ സംസ്ഥാന സർക്കാരിന്റെ അച്ചടക്ക നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഡോ. രമക്കെതിരായ അന്വേഷണം ഏകപക്ഷീയമായിരുന്നു എന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് നൽകിയ പരാതിയിലാണ് സർക്കാർ ഡോ. രമയെ സ്ഥലം മാറ്റുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നത്. എന്നാൽ എസ്എഫ്ഐയുടെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി.
എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളേജിൽ അനാശാസ്യ പ്രവർത്തനവും ലഹരി വില്പനയും നടക്കുന്നു എന്ന് പ്രിൻസിപ്പൽ ഡോ. രമ വെളിപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു എസ്എഫ്ഐ ഇവർക്കെതിരെ രംഗത്ത് വന്നിരുന്നത്. കോളേജിലെ മുൻ എസ്എഫ്ഐ നേതാവിന്റെ പേരെടുത്ത് പറഞ്ഞാണ് പ്രിൻസിപ്പൽ കുറ്റപ്പെടുത്തിയിരുന്നത്. തുടർന്ന് എസ്എഫ്ഐ നൽകിയ പരാതിയെ തുടർന്ന് സർക്കാർ ഡോ. രമയെ സ്ഥലം മാറ്റുകയായിരുന്നു.
Discussion about this post