ന്യൂഡൽഹി : മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി കോടതി തള്ളി. ഇഡിയുടെ അന്വേഷണത്തിൽ കൃത്യമായ തെളിവുകളുണ്ടെന്ന് കോടതി വ്യക്തമാക്കി . മദ്യനയം രൂപീകരിക്കാനും കോഴ വാങ്ങാനും ഡൽഹി മുഖ്യമന്ത്രി ഇടപ്പെട്ടെന്നും നിരീക്ഷിച്ചു. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് പറഞ്ഞ കോടതി ഇഡിയുടെ പക്കലുള്ള തെളിവുകൾ ശരിവയ്ക്കുന്നതായും വ്യക്തമാക്കി. ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ഇലക്ഷന് തൊട്ടുമുൻപായി ബോധപൂർവം അറസ്റ്റ് ചെയ്തെന്ന വാദം നിലനിൽക്കില്ല. ഇഡിയുടെ പക്കൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ രേഖകളുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതു കൊണ്ടുമാണ് ജ്യൂഡീഷൽ കസ്റ്റഡിയിൽ വിടാൻ കാരണം എന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നുമായിരന്നു കെജ്രിവാളിന്റെ ആരോപണം. ഈ ഹർജിയാണ് കോടതി തള്ളിയത്. മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
Discussion about this post