ഈ ലോകസഭാ തിരഞ്ഞെടുപ്പിൽ ജീവൻമരണ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തെലങ്കാനയിലെ ഹൈദരാബാദ്. ജീവൻമരണ പോരാട്ടം എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. എഐഎംഐഎം (AIMIM) മേധാവിയും സിറ്റിംഗ് എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിര മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി കൊമ്പല്ല മാധവി ലത മതമൗലികവാദികളുടെ ഭീഷണി നേരിടുകയാണ്. മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങുന്ന മാധവിക്ക് ജീവന് ഭീഷണിയുള്ളതിനാൽ Y+ കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്.
ഹൈദരാബാദ് മണ്ഡലത്തിന്റെ പകുതിയോളം വരുന്ന പ്രദേശങ്ങളിൽ പ്രചാരണത്തിന് പോലും ചെല്ലാൻ പറ്റാത്ത അവസ്ഥയാണ് 49കാരിയായ മാധവിക്ക്. തീവ്ര ഇസ്ലാമിക നിലപാടുള്ള അസദുദ്ദീന്റെ അണികൾ അവരെ പ്രചാരണം നടത്താൻ സമ്മതിക്കുന്നില്ല. ബിജെപി സ്ഥാനാർത്ഥിയെ കല്ലെറിഞ്ഞ് ഭീഷണിപ്പെടുത്താനാണ് എംഐഎം പ്രവർത്തകർ ശ്രമിക്കുന്നത്. തന്റെ പ്രചാരണത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന മാധവിയുടെ പരാതിയിലാണ് സർക്കാർ Y+ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. മാധവി ലതയുടെ ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Y+ സുരക്ഷ അനുവദിച്ചത്. ഇതോടെ ആയുധധാരികളായ നാല് കമാൻഡോകളുടെ അകമ്പടിയോടെ മാധവിക്ക് പ്രചാരണം നടത്താൻ സാധിക്കും.
നാല് പതിറ്റാണ്ടായി എഐഎംഐഎം (AIMIM) കൈവശം വെച്ചിരിക്കുന്ന ലോക്സഭാ മണ്ഡലമാണ് ഹൈദരാബാദ്. 1984 മുതൽ 1999 വരെ സലാഹുദ്ദീൻ ഒവൈസി പ്രതിനിധീകരിച്ച മണ്ഡലത്തിൽ പിന്നീട് മകൻ അസദുദ്ദീൻ ഒവൈസി വിജയിക്കുകയായിരുന്നു. ബിജെപി നേതാവ് ടി. രാജ സിംഗ് പ്രതിനിധീകരിക്കുന്ന ഗോഷാമഹൽ ഒഴികെ ഹൈദരാബാദ് ലോക്‌സഭാ സീറ്റിന് കീഴിലുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളും ഒവൈസിയുടെ കൈകളിലാണ്. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചും ജനാധിപത്യ സംരക്ഷണത്തെ പറ്റിയും പാർലമെന്റിൽ ഉൾപ്പെടെ വാചാലനാകുന്ന അസദുദ്ദീൻ ഒവൈസിയുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളയിടത്ത് തങ്ങളുടെ ഭരണം മാത്രം മതിയെന്ന് ഉദ്ഘോഷിക്കുന്നവരാണ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് പറഞ്ഞു കരയുന്നത്.
മുസ്ലിം ഭൂരിപക്ഷമായ ഹൈദരാബാദ് മണ്ഡലത്തിൽ അസദുദ്ദീൻ ഒവൈസിക്ക് കനത്ത വെല്ലുവിളി ഉയർത്തുകയാണ് ബിജെപി സ്ഥാനാർത്ഥി കൊമ്പല്ല മാധവി ലത. മുത്തലാഖിനെതിരെ മുസ്ലിം സ്ത്രീകളെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിച്ച മാധവി ലത, ഹൈദരാബാദുകാർക്കിടയിൽ സുപരിചിതയാണ്. മുസ്ലീം വനിതാ ഗ്രൂപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന മാധവി, നഗരത്തിലെ വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളിൽ പങ്കാളിയാണ്. സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന മുസ്ലിം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ഫണ്ട് സമാഹരിച്ച് വിതരണം ചെയ്യുന്നതിലും സജീവമാണ് അവർ. സാമൂഹ്യ പ്രവർത്തകയും ഭരതനാട്യം നർത്തികയുമായ മാധവി ഇതിനകം മണ്ഡലത്തിൽ വലിയ തരംഗം ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഒവൈസിയെയും കൂട്ടരെയും ചൊടിപ്പിച്ചത്. പ്രദേശത്തെ മുസ്ലീങ്ങൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്ന മാധവി ലതയുടെ സ്ഥാനാർത്ഥിത്വം ഇത്തവണത്തെ മത്സരത്തിന്റെ ചൂട് വർദ്ധിപ്പിച്ചിട്ടുണ്ട്.
Discussion about this post