ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വൈകാരികമായി തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്. കെജ്രിവാൾ അഭിഭാഷകർ മുഖേന എഎപി എംഎൽഎമാർക്ക് സന്ദേശം കൈമാറിയതിൻ്റെ പേരിൽ തിഹാർ അധികൃതരിൽ നിന്നും ഭീഷണി നേരിടുകയാണെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.
രഹസ്യ സന്ദേശങ്ങൾ കൈമാറുന്നതിനാൽ കുടുംബത്തിൻ്റെ സന്ദർശനം തടയുമെന്ന് തീഹാർ ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയതായാണ് സഞ്ജയ് സിംഗ് ആരോപണമുന്നയിക്കുന്നത്. തീഹാർ ജയിലിനെ അഡോൾഫ് ഹിറ്റ്‌ലറുടെ ഗ്യാസ് ചേമ്പർ ആക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ദിവസം മുമ്പ് അരവിന്ദ് കെജ്‌രിവാൾ തൻ്റെ അഭിഭാഷകനെ കണ്ടപ്പോഴാണ് എഎപി എംഎൽഎമാർക്കുള്ള സന്ദേശം കൈമാറിയിരുന്നത്. എന്നാൽ ഇത് ജയിൽ അധികൃതർ തടഞ്ഞതായാണ് സഞ്ജയ് സിംഗ് വ്യക്തമാക്കുന്നത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാസങ്ങളോളം ജയിലിനുള്ളിൽ കഴിഞ്ഞ ശേഷം അടുത്തിടെ ആയിരുന്നു സഞ്ജയ് സിംഗ് ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നത്.
Discussion about this post