കൊല്ലം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി ഷിബു ബേബി ജോൺ. പ്രേമചന്ദ്രനെക്കാളും വലിയ ബിജെപി ഭക്തനാണ് ഷിബു ബേബി ജോൺ എന്നുള്ള ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. ഗണേഷിനെ കുറിച്ചുള്ള കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല എന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.
ശ്രീരാമന് മുൻപിൽ ഹനുമാൻ എത്ര ഭക്തിയോടെയാണ് നിൽക്കുന്നത് അതുപോലെയാണ് പ്രേമചന്ദ്രൻ നരേന്ദ്രമോദിയുടെ മുൻപിൽ നിൽക്കുന്നത് എന്നാണ് കഴിഞ്ഞദിവസം കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നത്. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിലെ പൂജ മുറിയിൽ ചിലപ്പോൾ നരേന്ദ്രമോദിയുടെ പടവും കണ്ടേക്കും എന്നും കെ ബി ഗണേഷ് കുമാർ പരിഹസിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഇന്ന് ഷിബു ബേബി ജോൺ രംഗത്ത് എത്തിയത്. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്നും ഇപ്പോൾ പൂജാമുറിയിലേക്ക് എത്തിയതിൽ സന്തോഷമുണ്ടെന്ന് ഷിബു ബേബി ജോൺ വ്യക്തമാക്കി. താൻ ഒരിക്കലും തന്റെ പൈതൃകം വ്യതിചലിച്ചു പോയിട്ടില്ല എന്നും അദ്ദേഹം ഗണേഷ് കുമാറിനെ സൂചിപ്പിച്ച് പരിഹസിച്ചു.
Discussion about this post