വാഷിംഗ്‌ടൺ: എന്നെ ഈ ലോകം എങ്ങനെ ഓർമ്മിക്കും എന്നതിനെ കുറിച്ച് താൻ ചിന്തിക്കാറില്ലെന്നും, ഒരിക്കലും അതെന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി നരേന്ദ്ര മോദി. യുഎസ് ആസ്ഥാനമായുള്ള ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രതിച്ഛായയെ പറ്റി തനിക്കുള്ള ചിന്തയെ കുറിച്ച് മോദി തുറന്ന് പറഞ്ഞത്. ഇന്ദിരാഗാന്ധിക്ക് ശേഷം ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഈ സാഹചര്യത്തിൽ നടന്ന അഭിമുഖത്തിലാണ് മോദി തന്റെ ആദർശങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞത്.
മൂന്നാം തവണയും അധികാരത്തിലെത്തി റെക്കോർഡ് നേടാനുള്ള മത്സരത്തിന് തയ്യാറെടുക്കുമ്പോൾ, താൻ അവശേഷിപ്പിച്ചു പോകുന്ന “ലെഗസി” യെ കുറിച്ചുള്ള ചോദ്യത്തിനാണ്, അത്തരത്തിലുള്ള ഒരു ചിന്ത തന്നിലില്ല എന്ന് മോദി തുറന്ന് പറഞ്ഞത്. അതെ സമയം ഓരോ ഇന്ത്യക്കാരനും അന്തസ്സോടെ ജീവിക്കാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിഞ്ഞാൽ അതോടു കൂടി തൻ്റെ ദൗത്യം നിറവേറിയെന്ന് ഞാൻ വിശ്വസിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഞാൻ എങ്ങനെ ഓർമ്മിക്കപ്പെടും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് എൻ്റെ ജോലിയല്ല, ഈ ചിന്ത എന്നെ പ്രചോദിപ്പിക്കുന്നുമില്ല ,” അദ്ദേഹം പറഞ്ഞു.
“എൻ്റെ കുടുംബമായി ഞാൻ കരുതുന്ന ഓരോ ഇന്ത്യക്കാരൻ്റെയും ജീവിതത്തിൽ എനിക്ക് ഉണ്ടാക്കാൻ കഴിയുന്ന സ്വാധീനമാണ് എൻ്റെ പ്രചോദനം. അവർക്ക് അന്തസ്സുള്ള ഒരു ജീവിതം നയിക്കാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും കഴിയുമെങ്കിൽ, ഞാൻ എൻ്റെ ദൗത്യം ചെയ്തുവെന്ന് കരുതും. പക്ഷേ അതുവരെ ഞാൻ 1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി അശ്രാന്തമായും അർപ്പണബോധത്തോടെയും പ്രവർത്തിക്കും ,” പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
Discussion about this post