എറണാകുളം : തൃപ്പൂണിത്തറ തിരഞ്ഞെടുപ്പിലെ കെ ബാബുവിന്റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയിരുന്ന ഹർജി ഹൈക്കോടതി തള്ളി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് കെ ബാബു തിരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചു എന്നായിരുന്നു സിപിഎം സ്ഥാനാർഥിയായ എം സ്വരാജ് ഉയർത്തിയിരുന്ന വാദം. ഹർജി ഹൈക്കോടതി തള്ളിയതോടെ കെ ബാബുവിന് എംഎൽഎ ആയി തുടരാവുന്നതാണ്.
ജസ്റ്റിസ് പിജി അജിത് കുമാറിന്റെ ബെഞ്ച് ആണ് കേസിൽ വിധി പറഞ്ഞത്. 2021 ജൂണിൽ ആയിരുന്നു സ്വരാജ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. രണ്ടുവർഷവും 10 മാസവും കഴിഞ്ഞശേഷമാണ് ഹൈക്കോടതി ഹർജി തള്ളുന്നത്. തൃപ്പൂണിത്തുറ മണ്ഡലത്തിൽ 992 വോട്ടുകൾക്കായിരുന്നു യുഡിഎഫ് സ്ഥാനാർഥിയായ കെ ബാബു വിജയിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തിൽ കെ ബാബു വിതരണം ചെയ്ത സ്ലിപ്പുകളിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും ഉണ്ടെന്നായിരുന്നു സ്വരാജ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിരുന്നത്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം കെ ബാബു ലംഘിച്ചു എന്നും അതിനാൽ അദ്ദേഹത്തിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു എം സ്വരാജ് ആവശ്യപ്പെട്ടിരുന്നത്.
Discussion about this post