ശ്രീനഗർ : ജമ്മു കശ്മീരിന് ഉടൻ തന്നെ സംസ്ഥാന പദവി തിരികെ ലഭിക്കുമെന്ന ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉധംപൂരിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘മോദിയുടെ ചിന്തകൾ വളരെ മുന്നിലാണ്. അതുകൊണ്ട് ഇതുവരെ സംഭവിച്ചതെല്ലാം വെറും ട്രെയ്ലർ മാത്രമാണ്. ജമ്മു കശ്മീരിന്റെ പുതിയൊരു ചിത്രം സൃഷ്ടിക്കുന്നതിന്റെ തിരക്കിലാണ് ഞാൻ. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടും നടക്കുന്ന കാലം വിദൂരമല്ല.ഇവിടെ സംസ്ഥാന പദവി അധികം വൈകാതെ തിരികെ ലഭിക്കും. ഇതോടെ എംഎൽഎമാരും മന്ത്രിമാരുമായി നിങ്ങളുടെ സ്വപ്നങ്ങൾ പങ്കിടാനും സാധിക്കും ‘- മോദി പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ജമ്മു കശ്മീരിൽ ഭീകരവാദത്തെയും ആക്രമണങ്ങളെയും ഭയക്കാതെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. ജമ്മുവിനെ പൂർണമായും മാറ്റിമറിക്കുമെന്ന തന്റെ വാഗ്ദാനം കഴിഞ്ഞ 10 വർഷത്തിനിടെ പാലിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരത്തിനുവേണ്ടി ജമ്മുവിൽ ആർട്ടിക്കിൾ 370 എന്ന പ്രത്യേക പദവി നൽകി . എന്നാൽ താൻ അത് പൊളിച്ച് മാറ്റി. കോൺഗ്രസ് എന്നല്ല ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാം എന്ന് വിചാരിക്കേണ്ട. നിങ്ങൾ വിചാരിച്ചാലും ജനങ്ങൾ തിരിഞ്ഞ് പോലും നോക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.
Discussion about this post