കൊച്ചി : കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനം . കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.
ചൂട് കുറഞ്ഞ ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. മണിടിച്ച് പുറത്തിറങ്ങാൻ ആന ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടാതെ ആനക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.സ്ഥിരം പ്രശ്‌നക്കാരനായ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. ജനപ്രതിനിധികളുടെയും പോലീസിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ശബ്ദം കേട്ട് നാട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ ആനയെ കണ്ടത്. തുടർന്ന് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. വീതിയുള്ള കിണറായതിനാൽ ഇതിന്റെ ഒരു ഭാഗം ഇടിച്ചു താഴ്ത്തിയതിനു ശേഷം അതുവഴി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ ആ ശ്രമം നടക്കാത്തതിനാലാണ് മയക്കുവെടി വച്ച് പുറത്തിറക്കാമെന്നുള്ള തീരുമാനത്തിൽ എത്തിയത്.
Discussion about this post