ന്യൂഡൽഹി : ഇന്ത്യയുടെ തദ്ദേശീയ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 65,000 കോടിയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. എൽസിഎ മാർക്ക് 1എ വിഭാഗത്തിൽ പെടുന്ന 97 യുദ്ധവിമാനങ്ങൾക്കുള്ള കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചത്. രാജ്യത്തെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ കരാർ ആണ് ഇപ്പോൾ എച്ച്എഎൽ കമ്പനി സ്വന്തമാക്കിയിരിക്കുന്നത്.
മിഗ്-21, മിഗ്-23, മിഗ്-27 എന്നീ യുദ്ധവിമാനങ്ങൾ സേനയിൽ നിന്ന് ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് തീരുമാനം. ഇതിന് പകരമായാണ് പുതിയ എൽസിഎ മാർക്ക് 1എ ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത്.
പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പൂർണ പിന്തുണയോടെയാണ് രാജ്യത്ത് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നത്. ആത്മനിർഭർ ഭാരതും സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിതെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തുടനീളമുള്ള പ്രതിരോധ ഉപകരണങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ചെറുകിട സംരംഭങ്ങൾക്കും ഇത് ഉത്തേജനം നൽകുമെന്നാണ് കണ്ടെത്തൽ.
ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ വിമാനം കൈമാറാനുളള തയ്യാറെടുപ്പിലാണ് എച്ച്എഎൽ. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എൽസിഎ മാർക്ക് 1എ. നിലവിൽ 200-ലധികം എൽസിഎ മാർക്ക്- 2 വിമാനങ്ങളും സമാനമായ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും എച്ച്എഎൽ സ്വന്തമാക്കിയിട്ടുണ്ട്.










