ജയ്പൂർ: രാജസ്ഥാനിൽ ബിജെപി പ്രവർത്തകന് മതതീവ്രവാദികളുടെ ഭീഷണി. കോട്ട സ്വദേശിയും ബിജെപി ഒബിസി മോർച്ച ജില്ലാ ഉപാദ്ധ്യക്ഷനുമായ മനോജ് സുമനാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി.
ഉദ്യോഗ് നഗർ മേഖലയിലാണ് മനോജ് സുമൻ കുടുംബ സമേതം താമസിക്കുന്നത്. ഇവിടെ വീടിന് മുൻപിൽ ഭീഷണി സന്ദേശം എഴുതിയ കത്ത് മതതീവ്രവാദികൾ ഒട്ടിയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. രാവിലെ ഉറക്കം എഴുന്നേറ്റപ്പോഴായിരുന്നു കത്ത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
മേഖലയിൽ സംഘടനയുടെ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് കത്തിലെ ഭീഷണി. തലയും ഉടലും രണ്ടാക്കും. ഒരു രാമനും ഹിന്ദും മതവും രക്ഷയ്ക്കായി വരാൻ പോകുന്നില്ല. നിന്റെ ശബ്ദം നിലയ്ക്കും. നിന്നെ വെറുതെവിടില്ല. അള്ളാഹുവിന്റെ നാമത്തിൽ പറയുന്നു. നിന്റെ ഉടലിൽ നിന്നും തല വേർപെടുത്തുമെന്നും കത്തിൽ എഴുതിയിരിക്കുന്നു.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ ഭാഗമായി പ്രദേശത്തെ ചന്തയിൽ കാവിക്കൊടി സ്ഥാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യാപാരികളിൽ ചിലരുമായി മനോജിന് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ലഭിച്ച ഭീഷണി സന്ദേശം എന്നാണ് കരുതുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മനോജിനും കുടുംബത്തിനും പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
Discussion about this post