കോയമ്പത്തൂർ : തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചാലുടൻ സ്ഥാനാർത്ഥികൾ പിന്നെ എല്ലാ സംസ്ഥാനങ്ങളിലുമെത്തി പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക പതിവാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എത്തുകയും അവിടുത്തെ ജനങ്ങളെ സന്ദർശിക്കുകയും അവരുടെ വീടുകളിലെത്തി ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നത് സ്ഥിരം കാഴ്ച തന്നെ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇതിലൊന്നും ഒട്ടും പിന്നോട്ടല്ല. ഓരോ സ്ഥലങ്ങളിലെത്തുന്നതും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതുമായ രാഹുൽ ഗാന്ധിയുടെ നിരവധി വീഡിയോകൾ വൈറലായിട്ടുണ്ട്.
അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തമിഴ് നാട്ടിൽ പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുൽ. സിംഗനല്ലൂരിലെത്തിയ രാഹുൽ റോഡിന് അപ്പുറത്തുള്ള സ്വീറ്റ്‌സ് ഷോപ്പ് കാണാനിടയായി. ഉടൻ തന്നെ അദ്ദേഹം ഡിവൈഡർ ചാടിക്കടന്ന് റോഡ് മുറിച്ച് കടന്ന് കടയിലെത്തുകയായിരുന്നു. തുടർന്ന് മധുര പലഹാരങ്ങളുടെ നിരവധി സാമ്പിളുകൾ രാഹുൽ ട്രൈ ചെയ്തു.
ഒരു കിലോ ഗുലാബ് ജാമുൻ വാങ്ങിയാണ് രാഹുൽ കടയിൽ നിന്ന് മടങ്ങിയത്. അത് കൂടാതെ മൈസൂർ പാക്കും വാങ്ങിയിരുന്നു. പരിപാടിക്കെത്തിയ രാഹുൽ താൻ വാങ്ങിയ മൈസൂർ പാക്ക് തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് സമ്മാനിച്ചു. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
രാഹുൽ കടയിലേക്ക് വരുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നും മുഴുവൻ തുകയും നൽകിയാണ് അദ്ദേഹം മടങ്ങിയത് എന്നും കടയുടമയായ ബാബു പറഞ്ഞു.
Discussion about this post