ഇടുക്കി : ഇടുക്കി അടിമാലിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്. കൊല്ലം കിളിമാനൂർ സ്വദേശികളായ കെ ജെ അലക്സ്, കവിത എന്നിവരാണ് പിടിയിലായിട്ടുള്ളത്.
കൊലപാതകത്തിനുശേഷം ഒളിവിൽ പോയിരുന്ന പ്രതികളെ പാലക്കാട് നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ആയിരുന്നു അടിമാലി കുര്യൻസ്പടി സ്വദേശിയായ ഫാത്തിമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. വീട്ടിലെ മുറിക്കുള്ളിൽ കിടന്നിരുന്ന മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു കണ്ടെത്തിയത്.
വൈകിട്ട് വീട്ടിലെത്തിയ ഫാത്തിമയുടെ മകൻ സുബൈർ ആണ് മാതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തെറുത്ത് ചോരവാർന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ നിന്നും സ്വർണ്ണമാല അടക്കം നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനായി ഫാത്തിമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം.
Discussion about this post