കോട്ടയം : പെട്രോൾ പമ്പിൽ വെച്ച് ഗൂഗിൾ പേ പേയ്മെന്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം തലയോലപ്പറമ്പിലെ പെട്രോൾ പമ്പിൽ ആണ് ആക്രമണം ഉണ്ടായത്. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്. തർക്കം കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനാണ് കുത്തേറ്റത്.
ഞായറാഴ്ച രാത്രിയിലായിരുന്നു കോട്ടയം തലയോലപ്പറമ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനും ഇന്ധനം നിറയ്ക്കാൻ എത്തിയ ആളും തമ്മിൽ തർക്കം ഉണ്ടായത്. പെട്രോളിന്റെ പണം ഗൂഗിൾ പേ ആയി നൽകിയെങ്കിലും അനൗൺസ്മെന്റ് ശബ്ദം കേട്ടില്ല. ഇതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ഇന്ധനം നിറയ്ക്കാൻ എത്തിയ അക്ഷയ്, അജയ് എന്നിവർ ചേർന്ന് പമ്പിലെ ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു.
തർക്കം കണ്ട് ഇത് ചോദിക്കാൻ എത്തിയ നാട്ടുകാരനെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പ്രതികൾ രണ്ടുപേരും വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. ഇവർക്കെതിരെ കേസെടുത്തതായും പ്രതികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായും തലയോലപ്പറമ്പ് പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Discussion about this post