തിരുവനന്തപുരം: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലിൽ മലയാളി വനിതയും. തൃശൂർ വെളുത്തൂർ സ്വദേശനിയായ ആന്റസ ജോസഫ് (21) ആണ് കപ്പലിൽ ഉള്ള നാലാമത്തെ മലയാളി. കോട്ടയം കൊടുങ്ങൂരിലേക്ക് കുറച്ച് ദിവസം മുൻപാണ് ഇവർ താമസം മാറ്റിയത്. ഇവിടേക്ക് മകൾ എത്താനിരിക്കെയാണ് ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്തത്.
ട്രെയിനിംഗിന്റെ ഭാഗമായി ഒൻപത് മാസത്തോളമായി ആന്റസ കപ്പലിൽ ജോലി ചെയ്തു വരികയായിരുന്നു. തന്റെ മകളുമായി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംസാരിച്ചതെന്ന് ആന്റസയുടെ പിതാവ് ബിജു എബ്രഹാം വ്യക്തമാക്കി. അതിന് പിന്നാലെ സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരും വഴിയാണ് കപ്പൽ പിടിച്ചടുത്തത്. ആന്റസ സുരക്ഷിതയാണെന്ന് കമ്പനി ജീവനക്കാർ അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിൽ മൂന്ന് മലയാളികൾ എന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ, തന്റെ മകൾ ഉൾപ്പെടെ നാല് മലയാളികളാണ് കപ്പിലിൽ ഉണ്ടായിരുന്നത്. മകളുടെ കാര്യം സംസ്ഥാന സർക്കവാർ വിട്ടുപോയത് മനോവിഷമം ഉണ്ടാക്കി. കപ്പലിൽ കുടുങ്ങിയവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും ആന്റസയുടെ പിതാവ് ആവശ്യപ്പെട്ടു.
അതേസമയം, കപ്പലിലെ 17 ഇന്ത്യൻ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താൻ ടെഹ്റാൻ ഉടൻ തന്നെ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാൻ അറിയിച്ചു. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ അവസരമൊരുക്കുമെന്ന് ഇറാൻ അറിയിച്ചത്.
ഇറാൻ വിദേശകാര്യമന്ത്രി എച്ച്. അമീർ-അബ്ദുള്ളാഹിയാനുമായി ചർച്ച ചെയ്തതായി കഴിഞ്ഞ ദിവസം ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു. ഞായറാഴ്ച വൈകീട്ട് അമീർ-അബ്ദുള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചർച്ച ചെയ്തതായി ജയശങ്കർ ട്വീറ്റ് ചെയ്തത്.
Discussion about this post