ചത്തീസ്ഖഡ്: ഇന്ധനം തീർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം. അയോദ്ധ്യയിൽ നിന്നും ഡൽഹിയിലേക്ക് പോയ ഇൻഡിഗോയുടെ 6E2702 വിമാനമാണ് ഇന്ധനം തീരാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കേ സുരക്ഷിതമായി ലാൻഡ് ചെയ്തത്. ചത്തീസ്ഖഡ് വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്.
ശനിയാഴ്ച്ചയാണ് സംഭവം. ടേക്ക് ഓഫ് സമയത്തിലും ഒൻപത് മിനിറ്റ് നേരത്തെയാണ് വിമാനം അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്ക് പറന്നുയർന്നത്. വിമാനത്താവളത്തിൽ ഇറങ്ങാൻ രണ്ട് തവണ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല. ഇതോടെ വിമാനം ഗോ എറൗണ്ട് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനം ചത്തീസ്ഖഡിലേക്ക് തിരിച്ചുവിട്ടു. തുടർന്ന് ചത്തീസ്ഖഡിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ രണ്ട് മിനിറ്റ് കൂടി പറക്കാനുള്ള ഇന്ധനം മാത്രമായിരുന്നു ബാക്കി.
വിമാനത്തിലുണ്ടായിരുന്ന ഡൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഇൻ ക്രൈം സതീഷ് കുമാറാണ് ഇക്കാര്യം പുറം ലോകെത്ത അറിയിച്ചത്. വളരെ ഭീതി നിറഞ്ഞ അനുഭവമായിരുന്നു വിമാനയാത്രക്കിടെ ഉണ്ടായതെന്ന് അദ്ദേഹം എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
‘ഡൽഹി വിമാനത്താവളത്തിൽ മോശം കാലാവസ്ഥയാണെന്ന് 4.15ന് പൈലറ്റ് അനൗൺസ് ചെയ്തിരുന്നു. 45 മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമേ വിമാനത്തിൽ ബാക്കിയുള്ളൂവെന്നും അവർ പറഞ്ഞിരുന്നു. രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ചിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥ കാരണം അതിന് സാധിച്ചില്ല. അടുത്തതെന്തെന്ന് തീരുമാനിക്കാനായി തന്നെ വീണ്ടും ധാരാളം സമയം പാഴാക്കി. ഒടുവിൽ 5.30 നാണ് വിമാനം ചത്തീസ്ഖഡിൽ ഇറക്കുകയാണെന്ന് പൈലറ്റ് അറിയിച്ചത്. ഇന്ധനത്തെ കുറിച്ചുള്ള അറിയിപ്പ് അഴിഞ്ഞ് 75 മിനിറ്റോളം കഴിഞ്ഞാണ് ചത്തീസ്ഖഡിലെ ലാൻഡിംഗിനെ കുറിച്ച് അറിയിപ്പ് വരുന്നത്. ഇതോടെ തന്നെ യാത്രക്കാർ പരിഭ്രാന്തരായി തുടങ്ങി. പല യാത്രക്കാരും ജീവനക്കാരിൽ ഒരാളും ഛർദിക്കാൻ തുടങ്ങി. ഒടുവിൽ 6.16ഓടെയാണ് വിമാനം ചത്തീസ്ഖഡിൽ ഇറക്കിയത്. ഇന്ധനം തീർന്നെന്ന അനൗൺസ്‌മെന്റ് കഴിഞ്ഞ് 115 മിനിറ്റുകൾക്ക് ശേഷമാണ് ലാൻഡിംഗ് നടത്തിയത്’- സതീഷ് കുമാർ എക്‌സിൽ കുറിച്ചു.
രണ്ട് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രമാണ് ബാക്കിയുണ്ടായിരുന്നതെന്ന് പിന്നീട് ജീവനക്കാർ പറഞ്ഞിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തലനാരിഴയ്ക്കുള്ള രക്ഷപ്പെടലായിരുന്നില്ലേ ഇത്?. സാധാരണ നടപടികൾ(എസ്ഒപി) പാലിച്ചിരുന്നോ എന്ന് അന്വേഷിക്കണമെന്നും വ്യോമയാന മന്ത്രാലയത്തെയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, എസ്ഒപി കൃത്യമായി പാലിച്ചുകൊണ്ട് തന്നെയാണ് വിമാനം ഗോ എറൗണ്ട് ചെയ്തതെന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ അറിയിച്ചു. ചട്ടപ്രകാരം വിമാനം തിരിച്ചുവിടാൻ ആവശ്യമായ റിസർവ് ഇന്ധനം ഉണ്ടായിരുന്നുവെന്നും സുരക്ഷിതമായ പ്രക്രിയയായിരുന്നെന്നും ഇൻഡിഗോ പ്രതികരിച്ചു.
Discussion about this post