200 കോടിയോളം വരുന്ന തങ്ങളുടെ സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് പ്രമുഖ വ്യവസായി ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും സന്യാസ ജീവിതം സ്വീകരിക്കാനൊരുങ്ങുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സന്യാസജീവിതത്തിന് മുൻപ് ദമ്പതികൾ പങ്കെടുത്ത ഘോഷയാത്രയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തങ്ങളുടെ വിലപ്പെട്ട സ്വത്തുക്കളിൽ പലതും പണവുമെല്ലാം ജനങ്ങൾക്ക് എറിഞ്ഞുകൊടുത്തുകൊണ്ടാണ് ദമ്പതികൾ ഘോഷയാത്ര നടത്തുന്നത്.
കളിഞ്ഞ ഫെബ്രുവരിയിലാണ് ഭവേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ സ്വത്തുക്കളെല്ലാം സംഭാവന ചെയ്തത്. സബർകാന്തയിലെ വലിയ കുടുംബത്തിൽ ജനിച്ചു വളർന്നയാളാണ് ഭവേഷ് ഭായ് ഭണ്ഡാരി. നിർമ്മാണ വ്യവസായത്തിലേക്ക് കടന്ന അദ്ദേഹത്തിന് അഹമ്മദാബാദിലും സബർകാന്തയിലും നിരവധി ബിസിനസുകളുണ്ട്. ഭണ്ഡാരി കുടുംബം കാലങ്ങളായി സന്യാസിമാരുമായി അടുത്തിടപഴകുന്നവരാണ്. ഇതാണ് സന്യാസ ജീവിതം തിരഞ്ഞെടുക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഫോൺ ഉൾപ്പെടെയുള്ള എല്ലാ ഭൗതിക വസ്തുക്കളും ഉപേക്ഷിച്ചുകൊണ്ടായിരിക്കും ഇവർ സന്യാസത്തിലേക്ക് കടക്കുക. 16ം 19ഉം വയസുള്ള ഇവരുടെ രണ്ട് മക്കളും രണ്ട് വർഷം മുൻപ് സന്യാസം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും സന്യാസത്തിലേക്ക് കടക്കുന്നത്.
ഹിമ്മദ്നഗറിൽ നടന്ന ഘോഷയാത്രയിൽ വേഷ് ഭായ് ഭണ്ഡാരിയും ഭാര്യയും ഉൾപ്പെടെ 35 പേർ സന്യാസ ജീവിതം നയിക്കാൻ പോകുകയാണെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ ഘോഷയാത്രയിൽ തങ്ങളുടെ സ്വത്തുവകകൾ പരിത്യജിക്കുമെന്നും അവർ അറിയിച്ചിരുന്നു. വരുന്ന 22ന് ഹിമന്ത്നഗറിൽ വച്ച് ഇരുവരും സന്യാസം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post