വയനാട് : സുഗന്ധഗിരി മരംമുറിക്കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. 18 പേർക്കെതിരെയാണ് റിപ്പോർട്ട്. ഡിഎഫ്ഒ ഷജ്‌ന കരീം, റേഞ്ച് ഓഫീസർ കെ.നീതു, ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം.സജീവൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് അന്വേഷണ റിപ്പോർട്ട്. കൂടാതെ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
ഇവർക്കു പുറമെ, കൽപ്പറ്റ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അഞ്ച് ജീവനക്കാരും കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് വാച്ചർമാരായ നാല് ജീവനക്കാരും കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറും സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ വനം സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സുഗന്ധഗിരിയിൽ ആദിവാസികൾക്ക് പതിച്ചു കൊടുത്ത ഭൂമിയിൽ വീടിനു ഭീഷണിയായ 20 മരങ്ങൾ മുറിച്ചു മാറ്റാൻ അവിടുത്തെ കുടുംബങ്ങൾ അപേക്ഷ നൽകിയിരുന്നു. മരം മുറിക്കാൻ അനുമതി ലഭിച്ചതോടെ ഇതിന്റെ മറവിലായി ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നൂറിലേറെ മരങ്ങൾ മുറിച്ചുമാറ്റി എന്നാണ് നാട്ടുകാർ പരാതി ഉയർത്തിയിട്ടുള്ളത്. വെൺതേക്ക്, അയിനി, പാല, ആഫ്രിക്കൻ ചോല എന്നീ മരങ്ങളാണ് മുറിച്ചത്. ആദിവാസികൾക്ക് പതിച്ചു നൽകിയ ഭൂമിയാണെങ്കിലും ഡി നോട്ടിഫിക്കേഷൻ നടന്നിരുന്നില്ല. ഇത് കൊണ്ടാണ് വനംവകുപ്പ് കേസ് എടുത്തത്.
നാല് വയനാട് സ്വദേശികളും രണ്ട് കോഴിക്കോട് സ്വദേശികളും ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ മരങ്ങൾ കടത്തിക്കൊണ്ടു പോവാൻ ശ്രമിച്ചപ്പോൾ 30 മരത്തടികളും ലോറിയും വനംവകുപ്പ് പിടിച്ചെടുത്തിരുന്നു.
Discussion about this post