ലഖ്‌നൗ : ശ്രീരാമനവമി ആഘോഷങ്ങൾക്കായി ഒരുങ്ങിയിരിക്കുകയാണ് രാമ ജന്മഭൂമി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്കു ശേഷമുള്ള ആദ്യ ശ്രീരാമനവമി ആണ് നാളെ നടക്കാനിരിക്കുന്നത്. ശ്രീരാമ നവമി ദിനത്തിൽ രാംലല്ലയുടെ ആദ്യ സൂര്യാഭിഷേകം നടക്കുമെന്ന് അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
സൂര്യാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി രാമക്ഷേത്ര നിർമ്മാണ സമിതി ചെയർമാൻ കൂടിയായ നൃപേന്ദ്ര മിശ്ര അറിയിച്ചു. സൂര്യാഭിഷേകത്തിന്റെ ഭാഗമായി രാംലല്ലയുടെ നെറ്റിയിൽ 5 മിനിറ്റ് സമയം സൂര്യരശ്മികൾ പതിക്കുന്നതായിരിക്കും. ഉച്ചയ്ക്ക് 12:16നാണ് സൂര്യാഭിഷേകം നടക്കുക. ശ്രീരാമനവമിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കും എന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ സമൂഹമാദ്ധ്യമ പേജുകളിലും ശ്രീരാമ നവമി ദിനത്തിലെ പ്രത്യേക ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകുന്നതായിരിക്കും. രാവിലെ 3:30ന് ക്ഷേത്രം തുറക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. പത്തൊമ്പതാം തീയതി വരെയുള്ള ദിവസങ്ങളിൽ ദർശനത്തിന് പ്രത്യേക പാസുകൾ ആർക്കും തന്നെ അനുവദിക്കുന്നതല്ല. രാത്രി 11 വരെ എല്ലാ ഭക്തർക്കും ദർശനം ലഭ്യമാകുമെന്നും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
Discussion about this post